ഏപ്രില്‍ പകുതിയോടെ ശ്രീചിത്രയിലും കാസ്പ് വഴി സൗജന്യ ചികിത്സ

തിരുവനന്തപുരം: അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ (എസ്എച്ച്എ) എംപാനല്‍ ചെയ്തു. ഇതോടൊപ്പം കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ശ്രീചിത്രയില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാകും.

ശ്രീചിത്രയെ കാസ്പ് പദ്ധതിയില്‍ പങ്കാളിയാക്കാന്‍ സംസ്ഥാന സര്‍ക്കാരും എസ്എച്ച്എയും നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. പദ്ധതിയില്‍ പങ്കാളിയായതോടെ അതിനൂതനവും വളരെ ചെലവേറിയതുമായ അനേകം ചികിത്സകള്‍ അര്‍ഹരായ രോഗികള്‍ക്കു സൗജന്യമായി ലഭിക്കും. ഏപ്രില്‍ രണ്ടാം വാരത്തോടെ കാസ്പ് മുഖേനയുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷംതോറും കാസ്പിലൂടെ ലഭിക്കുന്നത്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന കാസ്പ് വഴി 2021-22ല്‍ 5,27,117 ഗുണഭോക്താക്കള്‍ക്കായി 16.13 ലക്ഷം ക്ലൈമുകളില്‍ 1,473 കോടി രൂപയുടെ ചികിത്സാ സഹായമാണ് നല്‍കിയത്. അതില്‍ 1334 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുന്നത്. 139 കോടി രൂപ കേന്ദ്ര ധനസഹായമായി ലഭിച്ചിട്ടുണ്ട്. നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് ചികിത്സയ്ക്കു വേണ്ടി 148 ആശുപത്രികളും എംപാനല്‍ ചെയ്തിട്ടുണ്ട്.