ബോക്‌സ് ഓഫീസില്‍ 500 കോടി കടന്ന് ആര്‍ആര്‍ആര്‍

റിലീസ് ചെയ്ത് നാല്‌ ദിവസത്തിനുള്ളില്‍ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ലോകവ്യാപകമായി നേടിയത് അഞ്ഞൂറ് കോടിയിലധികം. കേരളക്കരയില്‍ മാത്രം പത്തു കോടിയിലധികം ഗ്രോസ് കളക്ഷന്‍ ചിത്രം നേടി കഴിഞ്ഞു. ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോര്‍ഡുകള്‍ തിരുത്തുമെന്നുറപ്പാണ്. ത്രിഡിയിലും മികച്ച കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

1920 കാലഘട്ടത്തിലെ അല്ലുരി സീതാരാമ രാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്‍. ടി. രാമ റാവു ജൂനിയര്‍ കൊമരം ഭീമായും അല്ലൂരി സീതാരാമ രാജുവായി രാം ചരണും എത്തുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ അതിഥിവേഷത്തിലുണ്ട്. സമുദ്രകനി, ശ്രിയ ശരണ്‍, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, രാഹുല്‍ രാമകൃഷ്ണന്‍, സ്പന്ദന്‍ ചതുര്‍വേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളില്‍ ചിത്രം കാണാം. കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.