പലതരത്തിലുള്ള രോഗങ്ങൾ വരുന്ന സമയമാണ് വേനൽക്കാലം. ഇപ്പോൾ പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങൾക്ക് വഴിയൊരുക്കും. ചെങ്കണ്ണ്, ചിക്കൻപോക്‌സ് തുടങ്ങിയ രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറൽ പനികളും ചൂടുകാലത്ത് കാണാറുണ്ട്. വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധപുലർത്തുന്നത് നല്ലതാണ്.
വേനൽക്കാലത്ത് വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഉൾപ്പെടുത്തണം. മാമ്പഴത്തിൽ ബീറ്റാ കരോട്ടീൻ, വിറ്റമിൻ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനൽക്കാല രോഗങ്ങളെ അകറ്റി നിർത്തും.
ഇടനേരങ്ങളിൽ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കുക. ഫാസ്റ്റ് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. വേനലിൽ ഉന്മേഷം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീർ. ഇത് ദാഹവും ക്ഷീണവും അകറ്റും. വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങൾ ഏറെയുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

