തിരുവനന്തപുരം: ദ്വിദിന പണിമുടക്കിൽ കേരളത്തിനുണ്ടാകുക വലിയ നഷ്ടം. 4380 കോടിയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധർ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ തിരിച്ചടിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് തുടർച്ചയായ രണ്ട് ദിവസം കേരളത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടത്. 2021 ലെ സാമ്പത്തിക അവലോകന റിപ്പോർട്ടനുസരിച്ച് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തിൽ 4380 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശനി, ഞായർ അവധി കണക്കിലെടുക്കുമ്പോൾ ബാങ്കുകൾ തുടർച്ചയായി 4 ദിവസം പ്രവർത്തിച്ചിട്ടില്ല. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയിൽ നിന്നും കരകയറാൻ കേരളത്തിന് വരും നാളുകളിൽ ഏറെ പണിപ്പെടേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

