കേരള ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിനിമാ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പ്രതിഭകളെ കണ്ടെത്താനായി ‘വെള്ളിത്തിര പ്രൊഡക്ഷന്‍സ്’ സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ KISFF – 2022 ന് തുടക്കം കുറിച്ചു. ഷോര്‍ട്ട് ഫിലിം, മ്യൂസിക്കല്‍ വീഡിയോ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

1000 രൂപയാണു പ്രവേശന ഫീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളായ നീസ്ട്രീം, സൈന പ്ലേ, മെയിന്‍ സ്ട്രീം, സിനിയ, ലൈം ലൈറ്റ് എന്നിവ ഈ ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കും. മൊമെന്റോയും സര്‍ട്ടിഫിക്കറ്റും കൂടാതെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളുമാണ് രണ്ട് കാറ്റഗറികളിലായി വിജയികള്‍ക്ക് നല്‍കുന്നത്. പ്രമുഖ ഇന്ത്യന്‍ സിനിമാ ഗാലറി, എസ്സാര്‍ മീഡിയ, ഇ.ഡി. എസ്സ്.എസ്സ്. വെഞ്ചേഴ്‌സ് എന്നിവരും കെ.ഐ.എസ്.എഫ്.എഫുമായി സഹകരിക്കുന്നുണ്ട്.

ഫെസ്റ്റിവലിന്റെ ലോഗോ ലോഞ്ചും വെള്ളിത്തിര വെബ്സൈറ്റിന്റെ ഉദ്ഘാടനവും സംവിധായകനും കെ.ഐ.എസ്.എഫ്.എഫ്. ജൂറി അംഗവുമായ സന്തോഷ് വിശ്വനാഥ് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നിര്‍വ്വഹിച്ചു. സംവിധായകന്‍ സന്തോഷ് വിശ്വനാഥ്, നടനും സംവിധായകനുമായ ബോബന്‍ സാമുവല്‍, ഛായാഗ്രാഹകന്‍ വൈദി സോമസുന്ദരം, തിരക്കഥാകൃത്ത് രാജേഷ് വര്‍മ, സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് വേഗ എന്നിവരാണ് ജൂറി അംഗങ്ങള്‍. 2015 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെയുള്ള ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക്കല്‍ വീഡിയോകളുമാണ് ഫെസ്റ്റിവലിലേക്ക് പരിഗണിക്കുക. www.vellithira.net എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 20 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് 9207503603 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.