കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
പണിമുടക്ക് ഭരണഘടനാ വിരുദ്ധമാക്കി പ്രഖ്യാപിക്കമെന്ന് ഹർജിയിൽ പറയുന്നു. പണിമുടക്ക് ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി അവധി നൽകാൻ നീക്കമുണ്ടെന്നും അതു തടയണമെന്നും ഹർജിയിൽ പറയുന്നു. പ്രഖ്യാപിക്കപ്പെട്ട പണിമുടക്കു ദിവങ്ങളിൽ സർക്കാർ ഓഫിസുകളിലെ ഹാജർനില നിർബന്ധമാക്കണമെന്ന ആവശ്യവും ഹർജി മുന്നോട്ടുവെച്ചിരുന്നു.
അതേസമയം, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് റൂളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

