ബിഗ് ബോസ് സീസണ്‍ 4: മത്സരാര്‍ഥികളെ അറിയാം

ആരാധകര്‍ ഏറെ കാത്തിരുന്ന മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 4 തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇത്തവണ ആരംഭത്തില്‍ തന്നെ 17 പേര്‍ ഉണ്ട്. ബിഗ്‌ബോസ് കളറാക്കാനെത്തിയ താരങ്ങളെ അറിയാം.

  1. നവീന്‍ അറയ്ക്കല്‍

സീരിയലുകളിലൂടെയും ടെലിവിഷന്‍ ഗെയിം ഷോകളിലൂടെയും മലയാളി സ്വീകരണമുറികളിലെ നിത്യ സാന്നിധ്യമാണ് നവീന്‍. ചില സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. ഒരു ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ് നവീന്‍ അറയ്ക്കല്‍.

  1. ലക്ഷ്മിപ്രിയ

നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ താരം. മോഹന്‍ലാല്‍ നായകനായ നരന്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ലക്ഷ്മിപ്രിയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

  1. ജാനകി സുധീര്‍

സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയ യുവ നടി. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ എത്തിയ ‘ചങ്ക്‌സി’ലൂടെയാണ് ജാനകി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ നായകനായ ‘ഒരു യമണ്ടന്‍ പ്രേമ കഥ’യിലും വേഷമിട്ടു. പുറത്തിറങ്ങാനിരിക്കുന്ന ഹോളി വൂണ്ട് ആണ് മറ്റൊരു പ്രധാന ചിത്രം. ‘ഈറന്‍നിലാവ്’, ‘തേനും വയമ്ബും’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  1. ഡോ. റോബിന്‍ രാധാകൃഷ്ണന്‍

മോട്ടിവേഷനല്‍ സ്പീക്കര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്.

  1. ശാലിനി നായര്‍

അവതാരകയും നടിയും മോഡലുമായ താരതമ്യേന പുതുമുഖമായ മത്സരാര്‍ഥി. പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്‌ബോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.

  1. ധന്യ മേരി വര്‍ഗീസ്

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടി. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ 2006ലായിരുന്നു സിനിമാ അരങ്ങേറ്റം. മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് ‘നന്മ’ എന്ന ചിത്രത്തിലാണെങ്കിലും ‘തലപ്പാവ്’ എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിരുന്നു.

  1. ജാസ്മിന്‍ എം മൂസ

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്. ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്മിന്‍ നിലവില്‍ ബംഗളൂരുവില്‍ ഒരു ഫിറ്റ്‌നസ് ട്രെയ്‌നര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

  1. അഖില്‍ ബി എസ്

കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ ‘പ്രീമിയര്‍ പദ്മിനി’ വെബ് സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. കോമഡി എക്‌സ്പ്രസ് ഷോയിലൂടെയായിരുന്നു അഖില്‍ മിനി സ്‌ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്ത കോമഡി സ്റ്റാഴ്‌സ് സീസണ്‍ 2 അഖിലിനെ താരമാക്കി.

  1. നിമിഷ

മിസ് കേരള 2021 ഫൈനലിസ്റ്റ്. നിയമവിദ്യാര്‍ഥിയായ നിമിഷ മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നു.

  1. ഡെയ്‌സി ഡേവിഡ്

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ഫോട്ടോഗ്രാഫര്‍. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് ഡെയ്‌സി.

  1. റോണ്‍സണ്‍ വിന്‍സെന്റ്

പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘വിഗ്രഹണം’ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് റോണ്‍സണ്‍ എത്തിയത്. തുടര്‍ന്ന് ‘ഭാര്യ’, ‘സീത’, ‘അനുരാഗം’, ‘കൂടത്തായി’ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.

  1. അശ്വിന്‍ വിജയ്

ചെറുപ്പത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ, ഇരുണ്ട ഭൂതകാലത്തെ വകഞ്ഞുമാറ്റി കരുത്തുറ്റ പോരാട്ടത്തിലൂടെ വെളിച്ചത്തിലേക്ക് നടന്നടുത്ത പ്രതിഭ. അങ്ങനെയറിയണം അശ്വിനെ. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിന്‍, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

  1. അപര്‍ണ്ണ മള്‍ബറി

ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി! സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അപര്‍ണ മള്‍ബറി. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മണിമണിയായി മലയാളം പറയുന്ന ആളാണ് അപര്‍ണ്ണ.

  1. സൂരജ് തേലക്കാട്

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ആകും മുന്‍പ് തന്നെ മലയാളിക്ക് സുപരിചിതനാണ് ഈ കലാകാരന്‍. ടിവി പരിപാടികളിലെ ‘വലിപ്പമേറിയ’ പ്രകടനങ്ങള്‍ സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കിയിരുന്നു.

  1. ബ്ലെസ്‌ലി

ഗായകനായും സംഗീത സംവിധായകനായുമൊക്കെ വെറും 21 വയസ്സിനുള്ളില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയെന്നത് ചെറിയ കാര്യമല്ല. അതുതന്നെയാണ് ഈ യുവകലാകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും.

  1. ദില്‍ഷ പ്രസന്നന്‍

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റേതായ ഇടം രേഖപ്പെടുത്തിയ ദില്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ‘കാണാകണ്‍മണി’യിലെ മാനസയായും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു.

  1. സുചിത്ര നായര്‍

ഏഷ്യാനെറ്റിന്റെ ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയില്‍ പദ്മിനി (പപ്പി) എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്.