കെ റെയിൽ ; ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: കെ റെയിലുമായി ബന്ധപ്പെട്ട് ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് .മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ :

നമ്മുടെ നാട് ഗതാഗത രംഗത്ത് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവും വേഗത കൂടിയതുമായ ഗതാഗത സംവിധാനങ്ങൾ ഉണ്ടാവണമെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. നിലവിലെ സംവിധാനങ്ങൾ ആധുനിക കാലത്തെ സൗകര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന വാഹന സാന്ദ്രത, വളവുകളുടെ ആധിക്യം, ഭൂപ്രകൃതി കാരണമുള്ള നിരന്തരമായ കയറ്റിറക്കങ്ങൾ എന്നിവയെല്ലാം റോഡ് ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നു. വാഹനാപകടങ്ങളുടെ നിരക്ക് കേരളത്തിൽ കൂടുതലാണ്. പരിസ്ഥിതി സൗഹാർദ്ദവും ഊർജ്ജക്ഷമതയും കൈമുതലായ സുസ്ഥിരമായ യാത്രാ സംവിധാനവും ഭാവിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.

ഏറ്റവും പ്രധാന പ്രശ്നം യാത്രയ്ക്കു വേണ്ടി വരുന്ന അധിക സമയമാണ്. തൊട്ടുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ ശരാശരി വേഗം 40 ശതമാനവും റെയിൽ ഗതാഗതത്തിന്റെ ശരാശരി വേഗം 30 ശതമാനവും കുറവാണ്. അതുകൊണ്ടാണ് യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേകമായി സംസ്ഥാന സർക്കാർ ഇടപെടുന്നുത്. അതിന്റെ ഭാഗമായാണ് ദേശീയ പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തീരുമാനിച്ചത്. ഇത് ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണ്. നടക്കില്ലെന്നു പറഞ്ഞ ദേശീയ പാതാ വികസനം ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. എൻ എച്ച് 66ന്റെ വികസനത്തിനു വേണ്ട 92 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. 45 മീറ്റർ വീതിയുള്ള ദേശീയ പാത വൈകാതെ കേരളത്തിൽ യഥാർത്ഥ്യമാകും. കേന്ദ്ര സർക്കാരിന്റെ പിന്തുണയും സംസ്ഥാന സർക്കാരിന്റെ നിർബന്ധവുമാണ് ഇതിനു വഴിയൊരുക്കുന്നത്.

കൊല്ലം – കോഴിക്കോട് 328 കിലോമീറ്റർ വരുന്ന ദേശീയ ജലപാത കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കി.മീ ദൈർഘ്യം ദേശീയ ജലപാതാ നിലവാരത്തിൽ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ കോവിൽത്തോട്ടത്ത് ഒരു നടപ്പാലവും, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ഒരു നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജും പുനർ നിർമാണം നടന്നു വരുന്നു. ചവറ കോവിൽത്തോട്ടത്ത് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ദേശീയ ജലപാതാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള 160 കി.മീ, ജലപാതാ നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) ദേശീയ ജലപാതാ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. കൂടാതെ മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന ജലപാതയുടെ പൊന്നാനി ചേറ്റുവ കനാലിന്റെ തുടക്കഭാഗമായ വെളിയംകോട് ഭാഗത്ത് നബാർഡിന്റെ ധനസഹായത്തോടെ ഒരു നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജ് നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.

കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കോഴിക്കോട് ബേക്കൽ ജലപാതയിൽ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പിലാക്കുന്നതിന് തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്. മാഹി-വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കി.മീ കനാൽ പുതുതായി നിർമ്മിക്കേണ്ടി വരും. ഇതിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. സർവ്വേ നടപടികൾ പൂർത്തിയായി വരുന്നു. നീലേശ്വരം ബേക്കൽ ഭാഗത്തും 6.5 കി.മീ കനാൽ പുതുതായി നിർമ്മിക്കേണ്ടി വരും. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 189 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്.

പാർവ്വതീ പുത്തനാർ ഭാഗത്തെ ഫ്ളാറ്റ് മോഡൽ പുനരധിവാസത്തിനുള്ള ചുമതല കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ ഏൽപ്പിച്ചിട്ടുണ്ട്. എല്ലാ തലത്തിലും പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുണ്ട്. മുൻപ് ജലരേഖ എന്ന് ചിലർ വിശേഷിപ്പിച്ച ഈ പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗ യോഗ്യമായ ജലപാതയായി അടുത്തു തന്നെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതടക്കം ഗതാഗതം സുഗമമാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സംസ്ഥാന സർക്കാർ ആരായുകയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് സിൽവർ ലൈൻ പദ്ധതി. ഇപ്പോൾ തിരുവനന്തപുരം കാസർകോട് യാത്രയ്ക്ക് 12 മുതൽ 13 മണിക്കൂർ വരെ വേണം. റോഡ് മാർഗമായാലും റെയിൽ മാർഗമായാലും ഇതാണാവസ്ഥ. ആ യാത്രാ സമയം 4 മണിക്കുർ മാത്രമായി കുറയ്ക്കാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയും.

ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമെന്ന നിലയ്ക്ക് ഇതിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പരിസ്ഥിതി സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 2050 ഓടെ കേരളത്തെ കാർബൺ ബഹിർഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. അത് മുൻനിർത്തിക്കൂടിയാണ് വർധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന റോഡ്ഗതാഗതത്തിൽ നിന്ന് റെയിൽ ഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. അതിന് ഉതകുന്ന പദ്ധതിയായി സിൽവർ ലൈനിനെ തെരഞ്ഞെടുത്തത് റെയിൽവെ മന്ത്രാലയവുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ പണിതുകൊണ്ട് മണിക്കൂറിൽ 200 കിലോമീറ്റർ വേ?ഗത്തിലുള്ള യാത്ര ഒരുക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ.

പദ്ധതിക്കു കണക്കാക്കുന്ന ആകെ ചെലവ് 63,941 കോടി രൂപയാണ്. ജൈക്ക, എ ഡി ബി, എ ഐ ഐ ബി, കെ എഫ് ഡബ്ല്യു എന്നിവയിൽ നിന്ന് ബാഹ്യസഹായമായ 33,700 കോടി രൂപ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ് മുന്നോട്ട് നീക്കുന്നത്. ജൈക്കയുടെ റോളിങ് പ്ലാനിൽ കേന്ദ്ര സർക്കാർ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹരിയായി റെയിൽ വേയിൽ നിന്ന് 3,125 കോടി രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് 3,253 കോടി രൂപയും പൊതുജനങ്ങളിൽ നിന്ന് 4,252 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 13,362 കോടി രൂപ ഹഡ്കോ, കിഫ്ബി, സംസ്ഥാന സർക്കാർ എന്നിവയാണ് വഹിക്കുക.

വിദേശത്തു നിന്ന് കടമായി ലഭിക്കേണ്ട 33,700 കോടി രൂപയുമായി ബന്ധപ്പെട്ട അപേക്ഷ സാമ്പത്തികകാര്യ വകുപ്പിൽ സമർപ്പിച്ചിരിക്കുകയാണ്. ആ അപേക്ഷയിൻ മേൽ നീതി ആയോഗ്, ധനവ്യയ വകുപ്പ്, റെയിൽവെ മന്ത്രാലയം എന്നിവ ശുപാർശ നടത്തിയിട്ടുണ്ട്. 2018ൽ തന്നെ ഇത് ജൈക്കയുടെ ഒഫീഷ്യൽ ഡെവലപ്മെന്റ് അസിസ്റ്റന്റ്സിൽ (ഒഡിഎ) ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവൻ ചെലവായ 13,700 കോടി രൂപയും വിദേശ കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട ബാധ്യതയുംണ്ടെങ്കിൽ അതും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് അം?ഗീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ പദ്ധതിയുടെ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ 13.55 ശതമാനമാണ്. അതുകൊണ്ട് തന്നെ റെയിൽവെ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണ പ്രകാരം ഈ പദ്ധതി അതിജീവന ക്ഷമതയുള്ളതും വിജയകരമായി നടപ്പാക്കാനാവുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല. നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല. എൽ ഡി എഫിന് തുടർ ഭരണം കിട്ടിയത് ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടാണ്. അതിന് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗെയിൽ പദ്ധതിയെ തകർക്കാൻ ശ്രമിച്ചു.വരുന്ന തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ബഫർ സോണിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ പിന്നീട് വ്യക്തത വരുത്താം. അലൈൻമെൻറ് മാറ്റമെന്നത് തെറ്റായ പ്രചാരണം. ഇപ്പോഴത്തെ കല്ലിടൽ സാമൂഹികാഘാത പഠനത്തിനാണ്. ഭൂമി ക്രയവിക്രയത്തിന് തടസമില്ല. കല്ലിടുന്നതിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി ഭൂമി ഏറ്റെടുക്കേണ്ടി വന്നാലേ അതിലേക്ക് എത്തൂ. ഇപ്പോഴത്തെ കല്ലിടൽ ഭൂമി ഏറ്റെടുക്കാനല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.