പരീക്ഷാ സമയത്ത് ജനങ്ങളോടുള്ള വെല്ലുവിളി; സ്വകാര്യ ബസ്‌ സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി

പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമ്മര്‍ദ്ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തതെന്ന് വരുത്തിത്തീര്‍ക്കാനാണ് ട്രേഡ് യൂണിയനുകളുടെ ശ്രമം. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി.

‘ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചര്‍ച്ച വേണമെന്നാണ് പറയുന്നതെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണ്’- അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ബസുടമകള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.