കേസുകളില്‍ അന്വേഷണം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കായി സിബിഐയുടെ കാത്തിരിപ്പ്

രാജ്യത്ത് നടക്കുന്ന അഴിമതികളില്‍ ആകെ 50,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളിലും തിരിമറി കേസുകളിലുമുള്ള അന്വേഷണത്തിനാണ് സിബിഐ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കായി കാത്തിരിക്കുന്നത്.
‘സിബിഐയ്ക്ക് അനുമതി ലഭിക്കാത്ത കേസുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 1,107 കോടി രൂപയുടെ തട്ടിപ്പും ബാങ്ക് ഓഫ് ബറോഡയുടെ 739 കോടി രൂപയുടെ തട്ടിപ്പും ഉള്‍പ്പെടുന്നു. സിബിഐ ഇപ്പോഴും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നതിനാല്‍ രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചിട്ടില്ല’- ബിജെപി എം. പി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

കേസന്വേഷണങ്ങളില്‍ സംസ്ഥാനങ്ങളുടെ സമ്മതം ലഭിക്കുന്നതില്‍ കാലതാമസം വരുത്താതെ സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അടിയന്തരമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, കേരളം, മിസോറാം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ബാങ്ക് തട്ടിപ്പുകളുമായോ മറ്റ് സാമ്പത്തിക തട്ടിപ്പുകളുമായോ ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചിട്ടുണ്ട്.

എന്നാല്‍, കേസന്വേഷണത്തിന് സംസ്ഥാനത്തിന്റെ അനുമതിക്കായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി നൂറിലധികം അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും, ഇതുവരെ അനുമതി ലഭിച്ചില്ലെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിര്‍ദ്ദേശമോ ഉണ്ടെങ്കിലേ സിബിഐ പൊതുവെ കേസന്വേഷണം നടത്താറുള്ളൂ.