അതിർത്തികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്രം; ഇന്ത്യ-ചൈന അതിർത്തിയിൽ 177 റോഡുകൾ നിർമ്മിക്കും

ന്യൂഡൽഹി: അതിർത്തികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. 2023 ഓടെ അഞ്ച് പ്രധാന അതിർത്തികളിലെ വികസനത്തിനായി സർക്കാർ 7,000 കോടി രൂപയോളം ചെലവഴിക്കുമെന്നാണ് വിവരം. ചൈന, പാകിസ്താൻ, നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ അതിർത്തി മേഖലകളിലാണ് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നത്.

ഇന്ത്യ-ചൈന അതിർത്തിയിൽ 10,000 കിലോമീറ്റർ ദൈർഘ്യമുള്ള 177 റോഡുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്. 3,482.52 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 751.58 കിലോമീറ്റർ ദൈർഘ്യമുള്ള 25 റോഡുകളുടെ നിർമാണം ആരംഭിച്ചു. രണ്ടാം ഘട്ടത്തിലുള്ള 32 റോഡുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. ലഡാക്കിൽ 32 ഹെലിപ്പാഡുകൾ നവീകരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ 1,377 കിലോമീറ്റർ റോഡ് ശൃംഖല നിർമ്മിക്കാനും തീരുമാനമുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.