സൗഹൃദ ഫുട്‌ബോള്‍ മത്സരം: ബഹ്‌റൈനിനോട് ഇന്ത്യക്ക് പരാജയം

ബഹ്റൈനിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യക്ക് തോല്‍വി. മത്സരം തുടങ്ങി ആറ് മിനുറ്റുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ പ്രതിരോധ താരമായ സന്ദേശ് ജിങ്കാന്റെ ഹാന്‍ഡ് ബോളില്‍ ബഹ്റൈനിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങ് സന്ധു തട്ടിയകറ്റി. പിന്നീട് നിരവധി തവണയാണ് ബഹ്റൈന്‍ മുന്നേറ്റ നിര ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണവുമായിയെത്തിയത്. 37ാം മിനുറ്റില്‍ മുഹമ്മദ് അല്‍ ഹര്‍ദാനിലൂടെ ബഹ്റൈന്‍ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്തു.

1-0ന് ആരംഭിച്ച മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു ഇന്ത്യന്‍ ടീം. ഇതിന് ഫലമെന്നോളം 59ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ മികച്ചൊരു സെറ്റ്പീസാക്കി മാറ്റി ഇന്ത്യ ബഹ്റൈനിനെതിരെ ഗോള്‍ കണ്ടെത്തുകയും ചെയ്തു. രാഹുല്‍ ബെക്കയുടെ ഹെഡറിലൂടെയാണ് ഇന്ത്യ ഗോള്‍ കണ്ടെത്തിയത്. മത്സരം തിരക്കെയെത്തിയ ഇന്ത്യയും ലീഡ് നഷ്ടമായ ബഹ്റൈനും പരുക്കന്‍ കളിയാണ് പിന്നീട് പുറത്തെടുത്തത്. ഇതിനിടെ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാച്ചിനും റഫറി മഞ്ഞ കാര്‍ഡ് നല്‍കി. 88ാം മിനുറ്റില്‍ മഹ്ദി അല്‍ ഹുമയ്ദാനാണ് ബഹ്റൈനിന്റെ വിജയഗോള്‍ കണ്ടെത്തിയത്.
ഈ മാസം 26നാണ് ബെലാറൂസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരം.