തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാൻ സജ്ജമായി കെഎസ്ആർടിസി. യൂണിറ്റുകളിലെ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്ന നിർദേശം അധികൃതർ നൽകിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യക സർവീസ് നടത്തും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാർക്ക് സൗകര്യമായ രീതിയിൽ ഷെഡ്യൂളുകൾ ക്രമീകരിക്കാനും നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ചില റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താനും തീരുമാനമായി. യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതിന് യൂണിറ്റ് അധികാരികളെയും ദീർഘദൂര സർവീസുകൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, സമരത്തിലേക്ക് ബസുടമകൾ പോകേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബസ് ചാർജ് വർധന സംബന്ധിച്ച് വിശദമായ പഠനം നടന്നിട്ടുണ്ട്. അധികം താമസിക്കാതെ ചാർജ് വർധന നടപ്പിലാക്കും എന്ന് അവർക്ക് തന്നെ അറിയാം. ഈ സാഹചര്യത്തിൽ അനിശ്ചിതകാല ബസ് സമരമെന്ന പേരിൽ പണിമുടക്കിലേക്ക് പോകേണ്ട ആവശ്യം ബസുടമകൾക്ക് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നടക്കുന്ന സമരത്തിന് പിന്നിൽ ചില ഉദ്ദേശ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബസുടമകളുടെ സമ്മർദ്ദം കൊണ്ടാണ് ചാർജ് വർധനവ് നടപ്പിലാക്കിയതെന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് സമരത്തിന് കാരണമായിരിക്കുന്നത്. ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് അറിഞ്ഞിട്ടും സമരത്തിലേക്ക് നീങ്ങിയത് ഇതുകൊണ്ടാണെന്നും വരാനിരിക്കുന്ന ഇടത് മുന്നണി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

