കെ റെയിലിന് പിന്നിൽ മണി പൊളിറ്റിക്‌സ്; കോടികൾ അടിച്ചെടുക്കലാണ് ലക്ഷ്യമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിലിന് പിന്നിൽ മണി പൊളിറ്റിക്‌സാണെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിലിൽ പത്തു ശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം വികസനമെന്ന പേരിൽ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും കമ്മീഷനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കോടികൾ അടിച്ചെടുക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസത്തെ ചാനൽ കണ്ടാൽ ഹൃദയമുള്ള ഒരാളും കരയാതിരിക്കില്ല. അത്രയേറെ മനസാക്ഷിയെ മുറിവേൽപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞുമക്കളുടെ മുമ്പിൽ നിന്ന് രക്ഷിതാക്കളെ വലിച്ചിഴയ്ക്കുന്നതും അടിക്കന്നതും മകനെ പൊലീസ് പിടിച്ചോണ്ട് പോകുമ്പോൾ അമ്മ ബോധം കെട്ട് വീഴുന്നതും അടുക്കളയിൽ കുറ്റിയിടുന്നതുമൊക്കെ ഈ രാജ്യത്തല്ലാതെ വേറെ ഏത് രാജ്യത്താണ് നടക്കുകയെന്ന് ചോദിച്ചു.

ഇങ്ങനൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. പിണറായി വിജയന്റെ സ്വപ്നം ഒരിക്കലും പൂവണിയില്ല. സമൂഹത്തിലെ പ്രതികരണങ്ങൾ കണ്ണും കാതുമുള്ളവരാണേൽ കേൾക്കും. എന്ത് ജനാധിപത്യ ബോധമാണ് സിപിഎമ്മിനുള്ളത്. ജനാധിപത്യ ബോധ്യമുണ്ടേൽ ജനങ്ങളുടെ വികസനത്തെക്കുറിച്ച് സർവ്വേ നടത്താൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആ സർവ്വേയിൽ സർക്കാർ ജയിച്ചാൽ സർക്കാരിന്റെ പ്രവർത്തനത്തെ ഞങ്ങൾ പിന്താങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.