തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറിന് 11.14 കോടിയുടെ സ്വത്താണുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇൻഷുറൻസ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബി മേത്തറുടെ പേരിലുണ്ടെന്ന് ജെബി സമർപ്പിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നു. 10,000 രൂപ കൈവശമുണ്ടെന്നും 46.16 ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ടെന്നും രേഖകളിൽ പറയുന്നുണ്ട്.
ജെബിയുടെ ഭർത്താവിന്റെ പേരിൽ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെൻസ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കിൽ 23.56 ലക്ഷവും ബ്രോഡ്വേയിലെ ഫെഡറൽ ബാങ്കിൽ 12,570 രൂപയുമുണ്ട്. അതേസമയം ഒരു കേസ് പോലും ജെബിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
26,304 രൂപയുടെ ആസ്ഥിയാണ് സിപിഐഎം സ്ഥാനാർത്ഥി എഎ റഹീമിന് സ്വന്തമായുള്ളത്. ഭാര്യയുടെ പേരിൽ 4.5 ലക്ഷം വിലമതിയ്ക്കുന്ന കൃഷി ഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമുണ്ട്. 37 ക്രിമിനൽ കേസുകളാണ് റഹീമിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനുമാണ് റഹീം.
10,000 രൂപയും 10 ലക്ഷം രൂപ വിലമതിയ്ക്കുന്ന കൃഷി ഭൂമിയുമാണ് സിപിഐ സ്ഥാനാർത്ഥി പി. സന്തോഷ് കുമാറിന്റെ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയും കണ്ണൂർ കോർപ്പറേഷനിൽ ഭാര്യയുടെ പേരിൽ 8.5 സെന്റ് ഭൂമിയും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റേയും ഭാര്യയ്ക്ക് 19 ലക്ഷത്തിന്റേയും ബാദ്ധ്യതയുണ്ടെന്നും രേഖകളിൽ പറയുന്നു.

