ഗോവ: ഐഎസ്എല്‍ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിനെ കീഴടക്കി കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലോ ആഹ്ലാദപ്രകടനങ്ങളിലോ പങ്കെടുക്കാനാവാതെ എല്ലാം കലങ്ങിയ കണ്ണുകളോടെ നോക്കി നില്‍ക്കുകയായിരുന്നു ഹൈദരാബാദ് മലയാളി താരം അബ്ദുല്‍ റബീഹ്.
വിജയാഘോഷത്തിനിടയ്ക്ക് താരം ഒരു ചിത്രമെടുത്തു. സ്വന്തം ജേഴ്സിയില്‍ ഷിബിലെന്ന് എഴുതിയ അദ്ദേഹം ജംഷീര്‍ എന്ന് എഴുതിയ മറ്റൊരു ജേഴ്സിയും കൈയ്യില്‍ കരുതിയിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
മലപ്പുറം ഒതുക്കലിങ്ങലില് നിന്ന് കളി കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട സൃഹൃത്തുക്കള്‍ മരിച്ച വാര്‍ത്ത ഫൈനലിന് മുന്‍പേ തന്നെ റഹീബ് അറിഞ്ഞിരുന്നു. റബീഹിന്റെ പിതൃസഹോദര പുത്രന് മുഹമ്മദ് ഷിബിലും അയല്‍വാസിയും സുഹൃത്തുമായ ജംഷീര്‍ മുഹമ്മദുമാണ് മത്സരം കാണാന്‍ പോകുന്ന വഴിയേ അപകടത്തില്‍ മരിച്ചത്. റബീഹ് നല്കിയ ടിക്കറ്റുമായാണ് ഏഴംഗ സംഘം ഗോവയിലേക്ക് തിരിച്ചത്. റബീഹിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര.

