തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ തയാറാക്കിയിട്ടുള്ളത്. എട്ട്, ഒൻപത് ക്ലാസുകളുടെ ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും. എൽപി ക്ലാസിലെ കുട്ടികൾ പരീക്ഷയ്ക്ക് ക്രയോണുകൾ, കളർ പെൻസിൽ എന്നിവ കരുതണമെന്നാണ് നിർദ്ദേശം.
അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും.

