കശ്മീര്‍ ഫയല്‍സിന്റെ വിജയത്തില്‍ സന്തോഷം; എല്ലാ ഇന്ത്യക്കാരും കാണേണ്ട സിനിമയെന്ന് ആമിര്‍ ഖാന്‍

ദി കശ്മീര്‍ ഫയല്‍സിന് പ്രശംസയുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്ത്. താന്‍ തീര്‍ച്ഛയായും ചിത്രം കാണുമെന്നും സിനിമ വിജയം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദു:ഖകരമാണ്. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും വികാരങ്ങളെ ഈ ചിത്രം സ്പര്‍ശിച്ചുവെന്നതാണ് മനോഹരമായ കാര്യം. ഈ ചിത്രം വിജയം നേടുന്നത് കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്’ -ആമിര്‍ പറഞ്ഞു.

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ എട്ടാം ദിന കളക്ഷനില്‍ മറികടക്കാന്‍ കശ്മീര്‍ ഫയല്‍സിന് കഴിഞ്ഞു. ദംഗലിന്റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടിയാണ്. ഇത് ബാഹുബലി 2ന്റെ എട്ടാം ദിന കളക്ഷന്റെ അടുത്ത് നില്‍ക്കുന്ന സംഖ്യയുമാണ്. 19.75 കോടി ആയിരുന്നു ബാഹുബലി 2ന്റെ എട്ടാം ദിന കളക്ഷന്‍. അതേസമയം, ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്ന്‍, നടി സ്വര ഭാസ്‌കര്‍ തുടങ്ങി ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരും ഏറെയാണ്.