പവര്‍കട്ടും ലോഡ്‌ഷെഡിംഗും നിലവില്‍ ആവശ്യമില്ല: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും, അധിക വൈദ്യുതി വാങ്ങാന്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. പി ഉബൈദുള്ള എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ലോഡ് ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാത്ത സ്ഥിതിയിലേക്ക് സംസ്ഥാനത്തെ ഊര്‍ജജരംഗം പ്രാപ്തമാക്കുന്നതിന് വേണ്ടി ആഭ്യന്തര ഉല്‍പ്പാദനത്തിന് പുറമേ നിലവില്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വതന്ത്ര ഉല്‍പ്പാദകരില്‍നിന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ 1215 MW വൈദ്യുതിയും, കേന്ദ്രവൈദ്യുതിനിലയങ്ങളില്‍ നിന്ന് 1741 MW വൈദ്യുതിക്കുള്ള ദീര്‍ഘകാലകരാറുകളില്‍ കെഎസ്ഇബിഎല്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, വേനല്‍ക്കാലത്തെ വര്‍ധിച്ച വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ഈ കരാറുകള്‍ക്ക് പുറമേ അധിക വൈദ്യുതി കണ്ടെത്തേണ്ടതുണ്ടെന്നു മുന്‍കൂട്ടി കണക്കാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഇവ കൂടാതെ സംസ്ഥാനം സ്വകാര്യ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദകരുമായി വൈദ്യുതി വാങ്ങല്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.

‘ആഭ്യന്തര ജലവൈദ്യുത നിലയങ്ങളില്‍ നിന്നുളള വൈദ്യുത ഉല്‍പ്പാദനം കാര്യക്ഷമമായി ക്രമീകരിക്കുക വഴി, പദ്ധതി പ്രദേശങ്ങളിലെ വൈദ്യുതോല്‍പ്പാദനത്തിനുള്ള ജലം വേനല്‍ക്കാലത്തെ അധിക ഉല്‍പ്പാദനത്തിനായി സംഭരിച്ചു വയ്ക്കുക,

വേനല്‍ക്കാലത്ത് ആവശ്യമായ അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളുമായി ബാങ്കിംഗ് കരാറുകളില്‍ KSERC അനുമതിയോടെ ഏര്‍പ്പെട്ട് കണ്ടെത്തുകയും അപ്രകാരം ലഭ്യമായ വൈദ്യുതി അടുത്ത കാലവര്‍ഷ കാലയളവില്‍ തിരികെ നല്‍കുക,

നിലവിലെ കരാറുകളില്‍ നിന്നുളള വൈദ്യുതിയും ആഭ്യന്തര ഉല്ലാദനത്തിലും വരുന്ന കുറവ് നികത്താനായി ദൈനംദിന ആവശ്യങ്ങള്‍ക്ക് പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുക,

വേനല്‍ക്കാലത്തെ വര്‍ധിച്ച ഉപഭോഗം കണക്കിലെടുത്ത് പ്രതീക്ഷിക്കാവുന്ന അധിക വൈദ്യുത കമ്മി കെ.എസ്.ഇ.ബി.എല്‍ മുന്‍കൂട്ടി വിലയിരുത്തുകയും M0P യുടെ DEEP Protal ലൂടെ മത്സരാധിഷ്ഠിത ടെന്‍ണ്ടര്‍ മുഖേന ലഭിച്ച നിരക്കുകള്‍ കെ.എസ്.ഇ.ആര്‍.സി-യുടെ അനുമതിയോടെ ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറിലൂടെ പരമാവധി നികത്താനുള്ള നടപടികള്‍ സ്വീകരിക്കുക- തുടങ്ങി അധിക വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി.എല്‍ നടത്തിയ ആസൂത്രണങ്ങളും മന്ത്രി വിശദീകരിച്ചു.