‘കല്ലുകള്‍ പിഴുതാല്‍ വീണ്ടും കല്ലിടും, നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കില്ല’: കെ-റെയില്‍ എം.ഡി

കെ-റെയില്‍ പദ്ധതിയുടെ സര്‍വേക്കല്ലുകള്‍ പിഴുതാല്‍ വീണ്ടും കല്ലിടുമെന്ന് എം.ഡി വി. അജിത് കുമാര്‍ അറിയിച്ചു. ‘നഷ്ടപരിഹാരം നല്‍കാതെ ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഇപ്പോള്‍ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം ചെയ്തത് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്. കല്ലിടല്‍ 2 മാസത്തിനകം തീര്‍ക്കും. അത് കഴിഞ്ഞശേഷം മൂന്ന് മാസത്തിനുള്ളില്‍ സാമൂഹ്യാഘാത പഠനം നടത്തും. സമരം മൂലം കല്ലിടല്‍ തടസപ്പെട്ടാല്‍ പദ്ധതിക്ക് കാലതാമസമുണ്ടാകും. സര്‍വേ നടപടികളുമായി മുന്നോട്ടുതന്നെ പോകും. തടസങ്ങള്‍ മാറ്റിത്തരേണ്ടത് സര്‍ക്കാരാണ്’- അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തില്‍ തീവ്രവാദ സംഘടന ആളുകളെ ഇളക്കി വിടുന്നെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. ‘ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാക്കുന്നു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. സര്‍വേ കല്ല് പിഴുത് മാറ്റിയാല്‍ വിവരം അറിയും. ഈ പദ്ധതി നടപ്പാക്കിയാല്‍ പിന്നെ കോണ്‍ഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോള്‍ നടക്കുന്നത് അന്യായമായ സമരമാണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടത്’- മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കോഴിക്കോട് ജില്ലയിലെ കല്ലായില്‍ നടന്ന പ്രതിഷേധത്തിനിടെ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. സമര സമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും സംഘടിച്ച് പോലീസിനെതിരെ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.