വേനൽക്കാല ഷെഡ്യൂൾ; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ സർവ്വീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര വിമാന സർവീസുകൾ വർധിപ്പിക്കും. വേനൽക്കാല ഷെഡ്യൂൾ അനുസരിച്ചാണ് തീരുമാനം. മാർച്ച് 27 മുതലാണ് വേനൽക്കാല ഷെഡ്യൂൾ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിലവിലുള്ള 348 സർവീസുകൾ 540 ആയി വർധിപ്പിക്കാനാണ് തീരുമാനം. രാജ്യാന്തര സർവീസുകൾ 95 ൽ നിന്ന് 138 ആയി വർധിപ്പിക്കാനും തീരുമാനമുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് 18 സർവീസും ഷാർജയിലേക്ക് 30 സർവീസുകളും നടത്തും. മസ്‌കത്ത്, ദുബായ് എന്നിവിടങ്ങളിലേക്ക് 17 സർവീസുകളും അബുദാബിയിലേക്ക് 11 സർവ്വീസുകളും സിംഗപ്പൂരിലേക്ക് 8 സർവ്വീസുകളും മാലിയിലേക്ക് 7 സർവ്വീസുകളും നടത്തും. ബാങ്കോക്ക്, ബഹ്‌റൈൻ, കൊളംബോ എന്നിവിടങ്ങളിലേക്കും 7 സർവ്വീസുകളും കുവൈത്തിലേക്ക് 4 സർവ്വീസുകളും സലാലയിലേക്ക് ഒരെണ്ണവും നടത്താനും തീരുമാനിച്ചു. റിയാദിലേക്കും ഹാനിമാധുവിലേക്കും 2 സർവ്വീസുകളാണുള്ളത്.

അതേസമയം, പ്രതിവാര ആഭ്യന്തര സർവീസുകൾ 79 ൽ നിന്നും 132 ആയി വർധിപ്പിക്കും. ബെംഗളൂരുവിലേക്ക് 27 സർവീസുകൾ നടത്തും. കൊൽക്കത്ത, പുണെ, കണ്ണൂർ, കൊച്ചി, ദുർഗാപുർ എന്നിവിടങ്ങിലേക്ക് 7 സർവ്വീസുകൾ വീതവും മുബൈയിലേക്ക് 28 സർവ്വീസുകളും കോഴിക്കോട് 4 സർവീസുകളും നടത്തും. ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 14 വീതം സർവ്വീസുകളായിരിക്കും ഉണ്ടാകുക.