തിരുവനന്തപുരം: 2022 ലെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകൾ നാലുഘട്ടങ്ങളിലായി നടത്തും. 2022 മെയ് 15, 28, ജൂൺ 11, 19 തീയതികളിലാണ് പരീക്ഷ നടത്തുകയെന്ന് പിഎസ്‌സി അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയിൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്നും പിഎസ്‌സി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പോലീസ് കോൺസ്റ്റബിൾ, ബിവറേജ് കോർപ്പറേഷനിൽ എൽ.ഡി. ക്ലർക്ക്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ പ്രിസൺ ഓഫീസർ, വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിൽ ലാസ്റ്റ് ഗ്രേഡ്‌സെർവന്റ്, കേരള കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ.
പരീക്ഷകൾക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകണം. നിശ്ചിത ദിവസത്തിനകം കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. കൺഫർമേഷൻ നൽകിയവർക്ക് മാത്രമായിരിക്കും പരീക്ഷ എഴുതാൻ അവസരം ലഭിക്കുന്നത്.

