ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് സാംസ്‌കാരിക മന്ത്രി

തിരുവനന്തപുരം: ഹേമ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ല്യൂസിസി ഉള്‍പ്പെടെയുള്ള സിനിമാരംഗത്തെ സംഘടനകളുടെ യോഗം ചേരുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിനെയും വനിതാ കമ്മീഷനെയും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ പറഞ്ഞ വ്യക്തിപരവും സ്വകാര്യപരവുമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തു വിടാനാവില്ല. സമഗ്രമായ നിയമനിര്‍മ്മാണം ആവശ്യമായതിനാല്‍ തിരക്കിട്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കാനാവില്ലെന്ന് കെ.കെ രമയുടെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ലൈംഗിക ചൂഷണം ഉണ്ടെന്ന് സ്ത്രീകള്‍ അറിയിച്ചിട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി എടുക്കാത്തത് ഗുരുതര വീഴ്ചയാണെന്നും രമ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭരണപരമായ നടപടി സ്വീകരിക്കാവുന്ന വിഷയങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിവ മുഖേന നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.