കെ റെയിലിന്റെ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുകയാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലിന്റെ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കെ റെയിലിനെതിരെയുള്ള അക്രമസമരങ്ങളിൽ നിന്ന് പ്രതിപക്ഷം പിൻവാങ്ങണം. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തെറ്റായ ഇടപെടലും പൊലീസിനെ ആക്രമിക്കലും ഉദ്യോഗസ്ഥരെ തടയലും സംഭവിക്കുന്നു. ഇത്തരം നടപടികളിൽ നിന്ന് പ്രതിപക്ഷം പിൻവാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. അവരുടെ ഇടയിൽ തന്നെ ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പോലീസ് നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. മാടപ്പള്ളിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവർക്കെതിരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നും അദ്ദേഹം ആരോപിച്ചു. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നടപടികളെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.