ആംആദ്മിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവാന്‍ ഭാജി

അമൃത്സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് താരം മത്സരിക്കുന്നത്. പഞ്ചാബില്‍ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന് കായിക സര്‍വകലാശാലയുടെ ചുമതല കൂടി നല്‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാര്‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു.

‘ആം ആദ്മി പാര്‍ട്ടിയേയും ഭഗവന്ദ് മന്നിനേയും അഭിനന്ദിക്കുന്നു. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കര്‍ക്കളനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ട്. ഇത് അഭിമാന നിമിഷം’- ഹര്‍ഭജന്‍ കുറിച്ചു. പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.