ദേശീയപാത നിര്‍മ്മാണം പ്രതിദിനം 50 കിലോമീറ്ററാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി

രാജ്യത്തെ ദേശീയ പാത നിര്‍മ്മാണം ദിനംപ്രതി 50 കിലോമീറ്ററായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളായ അരുണാചല്‍ പ്രദേശിലെയും ഹിമാചല്‍ പ്രദേശിലെയും ജമ്മു കശ്മീരിലെയുമൊക്കെ റോഡുകള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ദേശീയപാത നിര്‍മാണം പ്രതിദിനം 37 കിലോമീറ്ററായി ഉയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം പ്രതിദിന ഹൈവേ നിര്‍മാണം ശരാശരി 50 കിലോമീറ്ററിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. 1,000 കിലോമീറ്റര്‍ പുതിയ ദേശീയപാത നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

ദേശീയപാത അതോറിട്ടി(എന്‍ എച്ച് എ ഐ)ക്കും നാഷണല്‍ ഹൈവെയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡി(എന്‍ എച്ച് ഐ ഡി സി എല്‍)നും കൊവിഡ് മഹാമാരി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എങ്കിലും ദേശീയപാത നിര്‍മാണത്തില്‍ മുന്‍വര്‍ഷം കൈവരിച്ച റെക്കോഡ് നേട്ടം ഇക്കൊല്ലം മറികടക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാത നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികളുടെ കടത്തുകൂലി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നെന്നും ഗഡ്കരി വെളിപ്പെടുത്തി.