‘മികച്ച ബൗളര്‍, എല്ലാവിധ ഭാവുകങ്ങളും’; ശ്രീശാന്തിനെ പ്രശംസിച്ച് സച്ചിന്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലയാളി താരം എസ്.ശ്രീശാന്തിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിരവധി കഴിവുകളുള്ള മികച്ചൊരു ബൗളറായിരുന്നു ശ്രീശാന്തെന്ന് സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ നിരവധി വര്‍ഷങ്ങളില്‍ പ്രതിനിധീകരിച്ചതിന് ശ്രീശാന്തിനെ അഭിനന്ദിച്ച സച്ചിന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ഭാവുകങ്ങളും നേരുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പണ്ട് ചലഞ്ചര്‍ സീരീസില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റെടുത്താണ് ശ്രീശാന്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്ന് ഒരു ഇന്‍സ്വിങ്ങറിലൂടെ സച്ചിനെ ശ്രീശാന്ത് എല്‍.ബി.ഡബ്ല്യു ആക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഏറെക്കാലം ഒരുമിച്ച് കളിച്ച മുന്‍താരങ്ങള്‍ ആരും ശ്രീക്ക് ആശംസകള്‍ അറിയിക്കാത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സച്ചിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റെത്തുന്നത്. നേരത്തെ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും മാത്രമാണ് ക്രിക്കറ്റ് മേഖലയില്‍ നിന്ന് താരത്തിന്റെ വിടവാങ്ങല്‍ സമയത്ത് പോസ്റ്റിട്ടത്.

അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂര്‍ണമെന്റിനിടെ താരത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. പിന്നാലെ കേരളം രഞ്ജിയില്‍ നിന്ന് പുറത്തായതോടെ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.