ന്യൂഡല്‍ഹി: രാജ്യത്ത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റനയത്തില്‍ അവരുടെ കുടുംബജീവിതങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കൂടി പരിഗണന നല്‍കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നികുതിഭരണവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന അവസരത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ കുടുംബജീവിതം, ശാരീരികവെല്ലുവിളി നേരിടുന്നവരുടെ താല്‍പര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന രീതിയില്‍ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദേശം. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം, അന്തസ്, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ ഭരണഘടനാപരമായ അനുപാതങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ് ഇന്റര്‍ കമ്മീഷണറേറ്റ് 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലറിന് എതിരായ ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

