കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചു വരെ കൊച്ചിയില്‍ റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. സരിത, സവിത, കവിത എന്നീ തിയേറ്ററുകളാണ് ചലച്ചിത്രമേളയുടെ വേദിയാവുക. തിരുവനന്തപുരത്ത് നടക്കുന്ന 26-ാമത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ ഇവിടെയും പ്രദര്‍ശിപ്പിക്കും.
മാര്‍ച്ച് 16ന് ഫെസ്റ്റിവല്‍ ഓഫീസ് എറണാകുളം നോര്‍ത്തിലുള്ള മാക്ട ഓഫീസില്‍ ഉദ്ഘാടനം നടക്കും. പതിനാറു മുതല്‍ ഓഫ്ലൈനായും ഇരുപത്തിയഞ്ച് മുതല്‍ ഓണ്‍ലൈന്‍ ആയും പ്രതിനിധികളുടെ റജിസ്ട്രേഷന്‍ ആരംഭിക്കും.
റീജണല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആലോചനാ യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ അനില്‍കുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ജോഷി, സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, സജിത മഠത്തില്‍, സോഹന്‍ സീനുലാല്‍, ഇടവേള ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.

