ന്യൂഡൽഹി: രാജ്യത്തിന്റെ പൈതൃക മേഖലകളിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് ഹൃദയ് പദ്ധതി. 2015 ജനുവരി 21-നാണ് ഈ പദ്ധതി ആരംഭിച്ചത്. നാഷണൽ ഹെറിറ്റേജ് സിറ്റി ഡെവലപ്പ്മെന്റ് സിറ്റി ഡെവലപ്പ്‌മെന്റ് ആന്റ് ഓഗ്മെന്റേഷൻ യോജന എന്നാണ് പദ്ധതിയുടെ പൂർണ്ണരൂപം. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അത് പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. പൈതൃക സംരക്ഷണം, നഗരാസൂത്രണം, പൈതൃക നഗരങ്ങളുടെ സാമ്പത്തിക വളർച്ച വർധിപ്പിക്കൽ എന്നിവയാണ് ഹൃദയ പദ്ധതിയുടെ ലക്ഷ്യം. പൈതൃക നഗരങ്ങളിലെ പ്രവേശനക്ഷമത, സുരക്ഷ, ഉപജീവനമാർഗം, ശുചിത്വം, വേഗത്തിലുള്ള സേവന വിതരണം തുടങ്ങിയവയ്ക്കാണ് പദ്ധതി മുൻഗണന നൽകുന്നത്.
ജലവിതരണം, റോഡ് വികസനം, മാലിന്യ നിർമ്മാർജ്ജനം, തെരുവ് വിളക്കുകൾ, അഴുക്കുചാൽ, ടൂറിസം, വൈദ്യുതി വിതരണം ഇതര സൗകര്യങ്ങൾ എന്നിവക്കായി ഈ 12 നഗരങ്ങളിലായി 500 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത്. ആജ്മീർ, അമരാവതി, അമൃതസർ, ബദാമി, ദ്വാരക, ഗയ, കാഞ്ചീപുരത്ത, മഥുര, പുരി, വരാണാസി, വേളാങ്കണ്ണി, വാറങ്കൽ തുടങ്ങിയ നഗരങ്ങളെയാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്.
ചരിത്ര നഗരങ്ങളുടെ പ്രധാന മേഖലകളിൽ സേവന വിതരണവും അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയുള്ള വികസനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. പൈതൃക സ്ഥലങ്ങളിലും പരിസരങ്ങളിലും താമസിക്കുന്ന ആളുകൾക്കിടയിൽ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനവും പദ്ധതിയുടെ ഭാഗമായി നടത്തും.

