തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ പ്രതിഷേധങ്ങള്‍ എത്തിയതോടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഇനി സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക്. പോലീസിന്റെ ദ്രുതകര്‍മ്മസേനക്കാണ് നിലവില്‍ ചുമതലയുള്ളത്. എന്നാല്‍, എസ്‌ഐഎസ്എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ക്ലിഫ് ഹൗസിന് സമീപത്തേക്കും പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ എത്തിയ സാഹചര്യമുണ്ടായതോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവനലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്ഹൗസിന്റെ സുരക്ഷയും സര്‍ക്കാര്‍ എസ്ഐഎസ്എഫിനെ ഏല്‍പ്പിക്കാനൊരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. അതേസമയം, ക്ലിഫ് ഹൗസില്‍ ദ്രുതകര്‍മ്മ സേന തുടരുകയും ചെയ്യും. ഘട്ടം ഘട്ടമായാണ് വ്യവസായ സുരക്ഷാ സേനയ്ക്ക് ചുമതല കൈമാറുക. ആഭ്യന്തരവകുപ്പിന്റെ ഉത്തരവിറങ്ങിയാലുടന്‍ ക്ലിഫ്ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്എഫ് ഏറ്റെടുക്കും. കൂടുതല്‍ സുരക്ഷയുടെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടന്‍ കറുപ്പിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

