തെരുവ്‌നായ്ക്കളാല്‍ അപകടമുണ്ടായാല്‍ നഷ്ടപരിഹാരമായി ലക്ഷങ്ങള്‍

തെരുവ്നായ്ക്കളെ കൊണ്ട് പ്രശ്‌നങ്ങളുണ്ടാവുന്നത് നാം സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തകളാണ്. തെരുവുനായ് കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്. എന്നാല്‍, തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു ഇത്തരമൊരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്. അതിനാല്‍, കേരളത്തിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍, വളര്‍ത്തുനായ്ക്കളുടെ കടിയേറ്റാല്‍ ഇത് കമ്മീഷന്റെ പരിധിയില്‍ വരില്ല. തെരുവ് നായ്ക്കളാല്‍ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് കമ്മീഷന്റെ പരിധിയില്‍ വരുന്നത്. വെള്ളക്കടലാസിലാണ് അപേക്ഷ നല്‍കേണ്ടത്. ചികിത്സാ സംബന്ധിച്ച രേഖകളും അയയ്ക്കണം. നായ്ക്കള്‍ കുറുകെ ചാടി വാഹനത്തിന് തകരാര്‍ വന്നിട്ടുണ്ടെങ്കില്‍ റിപ്പയര്‍ ചെയ്ത വിവരങ്ങളും ബില്ലും കൈമാറണം. എന്നാല്‍, വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനി വഴി നഷ്ടപരിഹാരം ലഭിച്ചെങ്കില്‍ ഇവിടെനിന്നു കിട്ടില്ല. തദ്ദേശസ്ഥാപന പ്രതിനിധിയെയും നായ് കടിച്ച വ്യക്തിയെയും ഹിയറിങ്ങിന് വിളിപ്പിച്ച ശേഷമാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ വഴി തദ്ദേശ സ്ഥാപനങ്ങളോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുക.

അപേക്ഷ നല്‍കേണ്ട വിലാസം: ജസ്റ്റിസ് (റിട്ട) എസ്.സിരിജഗന്‍ കമ്മിറ്റി, യുപിഎഡി ഓഫിസ് ബില്‍ഡിങ്, പരമാറ റോഡ്, കൊച്ചി, എറണാകുളം- 682018