കൗറിനൊപ്പം പ്ലേയര്‍ ഓഫ് ദി മാച്ച് പങ്കിട്ട് മന്ദാന

വനിതാ ലോകകപ്പില്‍ ഇന്ത്യ വമ്പന്‍ വിജയം നേടിയതോടെ മത്സരത്തില്‍ തനിക്കൊപ്പം സെഞ്ചുറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം പ്ലേയര്‍ ഓഫ് ദി മാച്ച് പങ്കിട്ടുകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴക്കി സ്മൃതി മന്ദാന.

‘ഒരു സെഞ്ചുറി നേടുകയും പ്ലേയര്‍ ഓഫ് ദി മാച്ച് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു പ്ലേയര്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ടീമിനെ 300 റണ്‍സില്‍ എത്തിക്കാന്‍ ഞങ്ങള്‍ ഒരുപോലെ സംഭാവന ചെയ്തുവെന്നു. അതുകൊണ്ട് തന്നെ ട്രോഫി പങ്കിടുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നത്. ഐസിസി മറ്റൊരു ട്രോഫി നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. അവര്‍ക്ക് അത് ചെയ്യാനുള്ള ബജറ്റ് ഉണ്ടെന്നും എനിക്കറിയാം’- സ്മൃതി പറഞ്ഞു.

119 പന്തില്‍ 13 ഫോറും രണ്ട് സിക്‌സുമടക്കം സ്മൃതി 123 റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ 107 പന്തില്‍ 10 ഫോറും രണ്ട് സിക്‌സുമടക്കം 109 റണ്‍സ് നേടിയിരുന്നു. ഇരുവരുടെയും മികവിലാണ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് ഇന്ത്യ നേടിയത്. മറുപടിയായി 162 റണ്‍സ് നേടാനെ വെസ്റ്റിന്‍ഡീസിന് സാധിച്ചുള്ളൂ. ഏകദിന ക്രിക്കറ്റിലെ തന്റെ അഞ്ചാം സെഞ്ചുറിയാണ് സ്മൃതി മന്ദാന നേടിയത്. മറുഭാഗത്ത് തന്റെ നാലാം ഏകദിന സെഞ്ചുറിയാണ് ഹര്‍മന്‍പ്രീത് കൗര്‍ നേടിയത്.