കെ-റെയിലിനെതിരെ നടക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് സമരം; തൂണ് പറിച്ചാല്‍ ഇനിയും അടി ഉറപ്പെന്ന് എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കെതിരെ നടക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് സമരമാണെന്നും തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്നും എ.എന്‍ ഷംസീര്‍ എംഎല്‍എ നിയമസഭയില്‍. പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് പോലീസിന്റെ ഗുണ്ടായിസമാണെന്നുള്ള പി.സി വിഷ്ണുനാഥിന്റെ പരാമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാധ്യത ടൂറിസത്തിലാണ്. അതിന് കെ-റെയില്‍ വേണം. വിദേശ ടൂറിസ്റ്റുകള്‍ വരാനും മടങ്ങിപ്പോകാനും അതിവേഗ റെയില്‍പാത അത്യാവശ്യമാണ്. കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ പരമാവധി വേഗത 52.കിമീ ആണ്. അതിനാലാണ് കെ-റെയില്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇടതുപക്ഷം നടത്തുന്ന വികസനത്തിന് തടസ്സം നില്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകും.

കെ-റെയില്‍ വന്നാല്‍ ഉരുള്‍പൊട്ടുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, പരിസ്ഥിതിയെ കുറിച്ച് ഏറ്റവും മികച്ച കാഴ്ചപ്പാടുള്ളത് ഇടതുപക്ഷത്തിനാണ്. എല്ലാ തരത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസും, ബിജെപിയും, സാമുദായിക മൗദൂദിസ്റ്റുകളുമടങ്ങുന്ന ഇവന്റ് മാനേജ്‌മെന്റാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.