ഫറ്റോര്‍ഡ: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ്. ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയാല്‍ സ്റ്റേഡിയത്തിലേക്ക് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബുക്ക് മൈ ഷോ ആപ്പ് വഴി ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും.
ഈ മാസം 20ന് ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഫൈനല്‍ നടക്കുന്നത്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഐഎസ്എല്‍ മത്സരങ്ങളില്‍ കാണികളെ അനുവദിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുകയും ഐഎസ്എല്ലിന് കാണികളെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ നേരത്തെ സംഘാടകര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഫൈനലിന് ടിക്കറ്റെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ മാച്ച് ബോള്‍ സ്വന്തമാക്കാനും സംഘാടകര്‍ അവരമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെത്തുന്ന ഭാഗ്യശാലികളായ മൂന്ന് ആരാധകര്‍ക്ക് ഹീറോ ഗ്ലാമര്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
ഐഎസ്എല്‍ ഫൈനലിന് 100 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ ഗോവന്‍ സര്‍ക്കാരാണ് സംഘാടകര്‍ക്ക് അനുമതി നല്‍കിയത്. സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനഫലമോ ഹാജരാക്കണം. മാസ്‌ക് നിര്‍ബന്ധമാണ്.

