യുവാക്കൾ വിജയത്തിലേക്കുള്ള കുറുക്കുവഴികൾ തേടരുത്; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വിജയം നേടാനുള്ള മാർഗങ്ങൾ വിശദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘകാല ആസൂത്രണവും നിരന്തര പ്രതിബദ്ധതയുമാണ് വിജയത്തിനുള്ള ഏക മന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ വിജയത്തിലേക്കുള്ള കുറുക്കുവഴികൾ തേടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഖേൽ മഹാകുംഭ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നവ ഇന്ത്യയുടെ എല്ലാ പ്രചാരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. സ്പോർട്സിനെ ഉയരങ്ങളിലെത്തിക്കാൻ 360 ഡിഗ്രി ടീം വർക്ക് ആവശ്യമാണ്. സമഗ്രമായ സമീപനത്തോടെയാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും ഖേലോ ഇന്ത്യ പരിപാടി അത്തരത്തിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ യുവ പ്രതിഭകൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ തങ്ങൾ അത്തരം പ്രതിഭകളെ കണ്ടെത്തി അവർക്ക് ആവശ്യമായ എല്ലാം നൽകാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകാനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ന് സാധ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് രാജ്യത്തെ കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയത്. രാജ്യത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്പോർട്സ് ബജറ്റിൽ 70 ശതമാനത്തോളം വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.