ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്ക് വേണ്ടി പൊരുതിയെന്നും എന്നാൽ പരിശ്രമം വോട്ടാക്കാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉത്തർപ്രദേശിന്റെ നന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചത്. പ്രതിപക്ഷത്തിന്റെ കർത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയമാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാണ്ഡ്, ഗോവ എന്നിവിടങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിയുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുകയും രാപ്പകലില്ലാതെ പ്രവർത്തിക്കുകയും ചെയ്ത എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

