ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്ത് മുതിർന്ന നേതാവ് ശശി തരൂർ രംഗത്തെത്തി. കോൺഗ്രസ് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് പാർട്ടിയിൽ വിശ്വസിക്കുന്നവർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പിലെ പരാജയം. രാജ്യത്തെ പ്രചോദിപ്പിക്കാനാകുന്ന പോസിറ്റീവ് അജണ്ട ഉണ്ടാകേണ്ട സമയമാണെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വം അടിമുടി മാറേണ്ട സമയമാണെന്നാണ് അദ്ദേഹം പറയുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം. പാർട്ടിയുടെ തോൽവി പാഠമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

