ഐഎസ്എല്‍: ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സൗകര്യമൊരുക്കി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലിലെ ഒന്നാം സെമി ഫൈനലില്‍ കൊമ്പന്മാര്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ഇറങ്ങുമ്പോള്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുറത്തൊരുക്കുന്ന വമ്പന്‍ സ്‌ക്രീനില്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സൗകര്യമൊരുക്കി ബ്ലാസ്റ്റേഴ്‌സ്. സ്റ്റേഡിയത്തിലേക്കുള്ള റോഡിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചര മുതല്‍ മത്സത്തിന്റെ ലൈവ് സ്ട്രീമിംഗ് തുടങ്ങും.

കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്ലാസ്റ്റേഴ്‌സിനായി ആര്‍പ്പുവിളിക്കാന്‍ കലൂരിലെ സ്റ്റേഡിയത്തിലെത്താന്‍ കഴിയാത്ത ആരാധകര്‍ക്ക് ഒത്തുകൂടാനുള്ള സുവര്‍ണാവസരമാണ് ഇത്. ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ മാത്രമാണ് വേദി. ഈ സാഹചര്യത്തിലാണ് ആരാധകരെ മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്‌സ് ക്ഷണിക്കുന്നത്.