നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നാണെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നാണെന്ന് പ്രോസിക്യൂഷൻ. ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ആലുവ, അങ്കമാലി മജിസ്‌ട്രേറ്റ് കോടതികളിലും, അഡിഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യം വ്യകതമല്ല.

അതേസമയം, മുംബൈയിലെ ലാബിൽ നടത്തിയ പരിശോധനയിൽ സുപ്രധാന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു ഫോണിലെ വിവരങ്ങൾ മാറ്റാൻ 75,000 രൂപ പ്രതിഫലം ലഭിച്ചെന്നാണ് ലാബ് ജീവനക്കാരന്റെ വെളിപ്പെടുത്തൽ. നാലു ഫോണിലും ഇത്തരത്തിൽ പ്രതിഫലം ലഭിച്ചിരുന്നു. ലാബിലെ കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറർ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.