തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരും; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുകയും രാപ്പകലില്ലാതെ പ്രവർത്തിക്കുകയും ചെയ്ത എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളും കനത്ത തോൽവിയാണ് രാഹുൽ ഗാന്ധിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചു. പഞ്ചാബിൽ ആംആദ്മി പാർട്ടിയും വിജയം നേടി.

അതേസമയം പരാജയത്തിന് പിന്നാലെ കോൺഗ്രസും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഔദ്യോഗിക ഹാൻഡിലിൽ നിന്നും ഷെയർ ചെയ്തു കൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മൾ എന്തിനെയങ്കിലും ഭയപ്പെടുമ്പോൾ നാം തന്നെയാണ് ഭയപ്പെടാൻ തീരുമാനിക്കുന്നതെന്നുമായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ നിന്നുള്ള ട്വീറ്റ്. തനിക്ക് ഭയമില്ലെന്ന് സ്വയം തീരുമാനിക്കാനാകണമെന്നും ജനങ്ങൾ എന്തു ചെയ്താലും തനിക്ക് ഭയമില്ലെന്നും വീഡിയോയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു.