തിരുവനന്തപുരം: മയക്കുമരുന്നു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പരിക്കേറ്റ കല്ലമ്പലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഫീസ് വാങ്ങാതെ ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി അറിയിച്ച് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. മദന്‍മോഹനാണ് പോലീസ് ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്
‘കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് കുത്തിപരിക്കേല്‍പ്പിച്ച സംഭവം മനസാക്ഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. അതില്‍ ഗൗരവമായി പരിക്ക് പറ്റിയ മൂന്നുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പരിക്കേറ്റവരില്‍ ഒരാളുടെ മുറിവ് ആഴമേറിയതായതിനാല്‍ അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അവരുടെ ചികിത്സാ ചിലവുകളില്‍ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു. അന്വേഷിച്ചതില്‍, അദ്ദേഹത്തിന്റെ പേര് ഡോ. മദന്മോഹന് എന്നാണെന്നും, നാടിന്റെ സുരക്ഷയുടെ ഭാഗമായി കര്‍ത്തവ്യ നിര്‍വഹണം നടത്തി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് തനിക്ക് വേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്.
നന്ദി പ്രിയ ഡോ.മദന്മോഹന്, താങ്കളുടെ നന്മയ്ക്ക്, ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നല്കിയ കരുതലിന്, ചേര്‍ത്ത് നിര്‍ത്തലിന് ഹൃദയപൂര്‍വ്വം നന്ദി.’
മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ശ്രീജിത്ത്, വിനോദ്, ചന്തു, ജയന് എന്നീ പോലീസുകാര്‍ക്ക് കുത്തേറ്റത്. പ്രതി അനസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

