ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരം നേടുമ്പോൾ അത് പാർട്ടിയുടെ വിജയം മാത്രമല്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് കൂടിയാണ്. 1985 ന് ശേഷം തുടർച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന വിശേഷണമാണ് യോഗി ആദിത്യനാഥിനെ തേടിയെത്തുന്നത്. ഒരു മുഖ്യമന്ത്രി അഞ്ച് വർഷം ഭരണം തികയ്ക്കുന്നതും യുപിയിൽ അപൂർവ്വമായി മാത്രമെ സംഭവിച്ചിട്ടുള്ളൂ. 1951 മുതൽ 2007 വരെ യുപിയിൽ അധികാരത്തിൽ വന്ന സർക്കാരുകളെല്ലാവരും അസ്ഥിരമായിരുന്നു.
1972 ജൂൺ 5 ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിലെ (ഇപ്പോൾ ഉത്തരാഖണ്ഡിൽ) പഞ്ചൂർ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥിന്റെ ജനനം. അജയ് മോഹൻ ബിഷ്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സന്യാസം സ്വീകരിച്ച ശേഷമാണ് അദ്ദേഹം യോഗി ആദിത്യനാഥ് എന്ന പേരിലേക്ക് മാറിയത്. ആനന്ദ് സിങ് ബിഷ്താണ് യോഗി ആദിത്യനാഥിന്റെ പിതാവ്. അദ്ദേഹം ഒരു ഫോറസ്റ്റ് റേഞ്ചറായിരുന്നു. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബാഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. യോഗി ആദിത്യനാഥ് എസ്എഫ്ഐക്കാരനാകേണ്ടതായിരുന്നുവെന്നാണ് ശന്തനു ഗുപ്ത എഴുതിയ ‘ദ മൊങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റർ’ ജീവിത പുസ്തകത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ അദ്ദേഹത്തെ ഒരു നേതാവായി വാർത്തെടുക്കാൻ കഴിയുമെന്ന് മനസിലാക്കി പ്രമോദ് തിവാരിയെന്ന എബിവിപി പ്രവർത്തകൻ നടത്തിയ ഇടപെടലുകളാണ് കമ്മ്യൂണിസത്തിൽ നിന്ന് കാവിയിലേക്കുള്ള മാറ്റത്തിന് കാരണമായതെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. കോളേജ് ലൈബ്രറിയിൽ വെച്ച് പ്രമോദ് തിവാരി നടത്തിയ ദീർഘസംഭാഷണങ്ങൾ അദ്ദേഹത്തിന്റെ മനസ് മാറ്റി എബിവിപിയിലേക്ക് ആകർഷിച്ചു. നന്നായി സംസാരിക്കാനും എന്തും ചെയ്യാനുള്ള ദൃഢ നിശ്ചയവും ഉള്ള ചെറുപ്പക്കാരൻ ആയിട്ടാണ് സഹപാഠികൾ അദ്ദേഹത്തെ വിലയിരുത്തിയിരുന്നത്.
1993 ൽ തന്റെ 21ാം വയസ്സിൽ ആദിത്യനാഥ് തന്റെ കുടുംബത്തെ ത്യജിച്ചു. അയോധ്യരാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേരാൻ വേണ്ടി അദ്ദേഹം തന്റെ വീട് ഉപേക്ഷിച്ചിറങ്ങി. കുറേക്കാലത്തെ അലച്ചിലിനൊടുവിൽ അദ്ദേഹം ഗോരഖ്‌നാഥ് മഠത്തിലെത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് അദ്ദേഹം അന്ന് മഠത്തിന്റെ തലവനായ മഹാന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. നാഥ് പാരമ്പര്യത്തിന്റെ സന്യാസിയായി ദീക്ഷയെ സ്വീകരിച്ചശേഷം അദ്ദേഹത്തിന് ‘യോഗി ആദിത്യനാഥ്’ എന്ന പേര് നൽകുകയും മഹാന്ത് അവൈദ്യനാഥിന്റെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു.
ഗോരാഖ് ക്ഷേത്ര മേധാവികൂടിയായ മഹന്ത് ആണ് കാലങ്ങളായി ഗോരാഖ്പുരിലെ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. ബിജെപിക്ക് ഉത്തർ പ്രദേശിൽ വേരോട്ടം നൽകിയ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഉയിർപ്പുണ്ടായതും ഗോരഖ്‌നാഥ് ക്ഷേത്രമാണ്. 1996ൽ മഹന്ത് അവൈദ്യനാഥിന് വേണ്ടി തിരഞ്ഞെടുപ്പ് യോഗി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1998 ൽ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോൾ ആദിത്യനാഥിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകിയത്. ഗോരഖ് പൂരിൽ നിന്നു പാർലമെന്റിലേക്ക് അദ്ദേഹം മത്സരിക്കുകയും വിജയം നേടുകയും ചെയ്തു. അന്ന് 26 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
പിന്നീട് തുടർച്ചയായ അഞ്ച് തവണ അദ്ദേഹം മത്സരിക്കുകയും വിജയം നേടുകയും ചെയ്തു. നരേന്ദ്ര മോദിയ്ക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഉയർന്നു കേൾക്കുന്നതും യോഗിയുടെ പേര് തന്നെയാണ്. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും ഈ സാധ്യത പ്രവചിക്കുന്നുണ്ട്.

