മലപ്പുറം: മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയ്ക്കലിൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം, പാണക്കാട് ഹൈദരലി തങ്ങളുടെ ഖബറടക്കം പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തിരക്കേറിയതിനാൽ പൊതുദർശനം 12.30 ന് അവസാനിപ്പിച്ച് സംസ്‌കാരം നേരത്തെയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പാണക്കാട് ഹൈദരലി തങ്ങൾ അന്തരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.

