പിആർഒ നിയമന വിവാദം; ഗവർണർ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വൈസ് ചാൻസലർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വൈസ് ചാൻസലർ ടി കെ നാരായണൻ. പിആർഒ നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ഗവർണർ ടി കെ നാരായണനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ, പിആർഒ നിയമനത്തിൽ കോടതിയിൽ ഹർജി ഉള്ളതിനാൽ ഹാജരാകില്ലെന്ന് വിസി അറിയിക്കുകയായിരുന്നു. ഹാജരായാൽ ഇത് കോടതിയലക്ഷ്യമാകുമെന്ന് വ്യക്തമാക്കി അദ്ദേഹം രാജ്ഭവന് കത്ത് നൽകുകയും ചെയ്തു.

വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ മുഴുവൻ പണവും സർവ്വകലാശാലക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിപാടിയുടെ കോർഡിനേറ്ററായ പിആർഒ ആർ ഗോപീകൃഷ്ണനെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചത്. എന്നാൽ കിട്ടാനുണ്ടെന്ന് പറയുന്ന തുക പിആർഒ തിരിച്ചടച്ചിട്ടും സർവ്വകലാശാല നിയമനം നടത്തിയിരുന്നില്ല.

ഗവർണ്ണർ സർവ്വകലാശാല നിയമനം നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഗവർണർക്കെതിരെ വിസി കോടതിയിയെ സമീപിച്ചു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർവ്വകലാശാലയിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു വിസി വ്യക്തമാക്കിയിരുന്നത്. പിന്നീട് സർക്കാർ ഇടപെട്ടാണ് ഈ കേസ് പിൻവലിച്ചത്. പിആർഒയെ നിയമിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകണമെന്ന് വിസിയ്ക്ക് ഗവർണർ നിർദ്ദേശം നൽകിയത്.