ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് കുടലിന്റെ ആരോഗ്യം. ആരോഗ്യമുള്ള കുടൽ അർത്ഥമാക്കുന്നത് നിങ്ങൾക്ക് ശക്തമായ പ്രതിരോധശേഷി, മെച്ചപ്പെട്ട മാനസികാവസ്ഥ, അസ്വസ്ഥതകളില്ലാത്ത ഫലപ്രദമായ ദഹനം, ആരോഗ്യമുള്ള തലച്ചോറും ഹൃദയവും എന്നിവയുണ്ടെന്നാണെന്നാണ് പോഷകാഹാര വിദഗ്ധൻ ഭക്തി കപൂർ വ്യക്തമാക്കുന്നത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും അദ്ദേഹം വിശദമാക്കുന്നുണ്ട്.
കുടലിന്റെ ആരോഗ്യത്തിന് ധാരാളം പഴങ്ങളും ഇലക്കറികളും പരിപ്പ് വർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കുടലിന്റെ ആരോഗ്യത്തിന് ക്രാൻബെറി, മാതളനാരങ്ങ, ബ്ലൂബെറി, പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. പഞ്ചസാര, ശുദ്ധീകരിച്ച കാർബണുകൾ എന്നിവ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കണം. ഒമേഗ -3 പോലുള്ള കൊഴുപ്പുകളും ഒലിവ് ഓയിൽ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കുടൽ വീക്കം കുറയ്ക്കാൻ സഹായിക്കും.
നല്ല ഉറക്കം കുടലിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ശരാശരി 7-8 മണിക്കൂർ ഉറങ്ങുക. കൂടാതെ യോഗ, ധ്യാനം അല്ലെങ്കിൽ തെറാപ്പി പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന കാര്യങ്ങൾ പതിവായി പരിശീലിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കണമെന്ന് പറയാറുണ്ട്. എന്നാൽ, ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുമ്പോൾ ദഹനം മാത്രമല്ല സുഗമമായി നടക്കുകയെന്ന് പഠനങ്ങൾ പറയുന്നു. ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയിൽ നിന്നും ശരീരഭാരം അമിതമായി വർധിക്കുന്നതിൽനിന്നും സംരക്ഷണം നൽകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

