അഷ്ടമുടിക്കായൽ സംരക്ഷണം; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഹരിത ട്രൈബ്യൂണൽ

തിരുവനന്തപുരം: അഷ്ടമുടിക്കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മൂന്ന് മാസത്തിനകം നൽകണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. കായൽ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ തണ്ണീർത്തട അതോറിറ്റി, ആരോഗ്യ, ജലസേചന, നഗരകാര്യ വകുപ്പുകൾ തുടങ്ങിയവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കായലിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി ഫയൽ ചെയ്ത ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിലെ അഞ്ചംഗ പ്രിൻസിപ്പൽ ബെഞ്ചാണ് ഹർജി പരിശോധിച്ചത്. കായലിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണെന്ന് അഞ്ചംഗ ബെഞ്ചിന്റെ കണ്ടെത്തൽ. ആശുപത്രി, അറവ്, ഗാർഹിക മാലിന്യങ്ങൾ തുടങ്ങിയവ കായലിൽ തള്ളുന്നത് പതിവാണ്. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിട്ടുമുണ്ട്. ഇത്രയും ഗുരുതരമായ അവസ്ഥയിലെത്തിയിട്ടും സംസ്ഥാന, ജില്ലാ അധികൃതർ പ്രശ്നം അവഗണിക്കുകയാണെന്നാണ് അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടുന്നത്.

മരുന്ന് നിർമ്മാണ യൂണിറ്റുകൾ, ആശുപത്രികൾ, ഹൗസ് ബോട്ടുകൾ എന്നിവിടങ്ങളിലെ മാലിന്യം തള്ളുന്നത് തടയാൻ സംസ്ഥാന മലിനീകരണ ബോർഡ് പരിശോധന ശക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം, സംസ്ഥാന തണ്ണീർത്തട അതോറിറ്റി, കോസ്റ്റൽ സോൺ മനേജ്മെന്റ് അതോറിറ്റി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുചേർക്കണമെന്നും നിർദ്ദേശമുണ്ട്.