ബിപി നിയന്ത്രിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ജീവിതശൈലീരോഗമാണ് ബിപി അഥവാ രക്തസമ്മർദ്ദം. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാൻ ബിപി കാരണമായേക്കും. അതിനാൽ തന്നെ ബിപി നിയന്ത്രിച്ച് നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ബിപി നിയന്ത്രിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

അമിതമായ മദ്യപാനം, പതിവായ മദ്യപാനം എന്നിവയെല്ലാം ബിപി ഉയർത്തുന്നതിന് കാരണമാകാം. അതിനാൽ മദ്യപാനം നിർത്തുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യണം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇലക്കറികൾ, ഡാർക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവർഗങ്ങൾ, ബ്രൗൺ ബ്രെഡ് തുടങ്ങിയവയിലെല്ലാം മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂൺ, ഉണക്കമുന്തിരി, ഈന്തഴം, ട്യൂണ, മുന്തിരി എന്നിവയാണ് പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ.

ബിപിയുള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഉപ്പിന്റെ ഉപയോഗം. ഉപ്പ് പരമാവധി കുറച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ശാരീരികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയിൽ ബിപിയിൽ വ്യതിയാനം വരാൻ സാധ്യതകളുണ്ട്. അതിനാൽ തന്നെ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.