യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 10 വരെ നീട്ടി. വിദ്യാര്‍ഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 35 വയസ്സില്‍ താഴെ പ്രായമുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ വരെയുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും വൈഐപിയില്‍ പങ്കെടുത്ത് ആശയങ്ങള്‍ സമര്‍പ്പിക്കാം.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതല്‍ അഞ്ചു വരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാന്‍. വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 20 മേഖലകളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

തിരഞ്ഞെടുക്കപ്പെടുന്ന ആദ്യഘട്ടത്തിലെ 8000 ടീമുകള്‍ക്ക് 25000 രൂപ വീതവും അതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകള്‍ക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെത്തുന്ന 900 ടീമുകള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാമ്പത്തിക സഹായവും നല്‍കും. കര്‍ശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലുംമികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങള്‍ കണ്ടെത്തുക.

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും yip.kerala.gov.in സന്ദര്‍ശിക്കുക.