25 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള നിർദേശങ്ങളുമായി സിപിഎം നയരേഖ; ആരോഗ്യമേഖലയിലും സമഗ്ര മുന്നേറ്റം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത് മൂന്ന് ഭാഗങ്ങളുള്ള വികസന രേഖ. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയുടെ വികസനം, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നീ ഘടകങ്ങളിലൂന്നിയുള്ള വികസന നയരേഖയാണ് പിണറായി വിജയൻ അവതരിപ്പിച്ചത്.

സംസ്ഥാനത്ത് തുടർഭരണം സാധ്യമാക്കിയത് ഒന്നാം പിണറായി സർക്കാരിന്റെ പ്രവർത്തനമാണെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു. തുടർഭരണത്തിന് സഹായകരമായ നിർദേശങ്ങളാണ് വികസന രേഖയിലൂടെ സിപിഎം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തിന്റെ 25 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള നിർദേശങ്ങളും നയരേഖയിലുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടും നയരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ തടസപ്പെടുത്തുന്ന കാര്യങ്ങളൊഴിവാക്കാനുള്ള പുതിയ മാർഗങ്ങളും നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപ മേഖലയിൽ കാതലായ മാറ്റം വേണമെന്ന് പറയുന്നതിന്റെ കാരണം എന്തുകൊണ്ടാണെന്ന വിശദീകരണവും നയരേഖയിലുണ്ട്.

അതേസമയം കെ-റെയിലല്ലാതെയുള്ള വൻകിട വികസന പദ്ധതികളെ കുറിച്ച് നയരേഖയിൽ പരാമർശിക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. സിൽവർലൈൻ പദ്ധതിയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുൾപ്പടെ ആർക്കും വന്ന് പഠിക്കാനുതകുന്ന തരത്തിൽ കേരളത്തെ ആകർഷക കേന്ദ്രമാക്കണമെന്നും നയരേഖയിൽ പറയുന്നു. ആരോഗ്യമേഖലയിലും സമഗ്രമായ വികസനം ഉണ്ടാകണമെന്നും അത് സംസ്ഥാനത്തേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ഉതകുന്നതാകണമെന്നുമാണ് നയരേഖയിൽ വിശദമാക്കുന്ന മറ്റൊരു കാര്യം.